ദില്ലി: മതിയായ വരള്‍ച്ചാ ദുരിതാശ്വാസത്തുക ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സാരിയുടുത്തു പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് പുതിയ പ്രതിഷേധ വഴികള്‍ തേടുന്നത്. ജന്തര്‍ മന്തറില്‍ തെരുവുനാടകം കളിച്ചു. സാരിയുടുത്തവര്‍, നരേന്ദ്രമോദിയായി കസേരയിലിരിക്കുന്ന കര്‍ഷകന് പരാതി കൊണ്ടുചെന്ന് കൊടുത്തു. പൊട്ടും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞ് സ്വന്തം ഭാര്യമാരുടെ അവതാരമായാണ് എത്തിയത് എന്ന് അവരില്‍ ചിലര്‍ പറഞ്ഞു.
കര്‍ഷകരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുത്തുവെന്ന് അറിയിക്കണമെന്ന് സുപ്രിം കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.രണ്ടാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കണം. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കടങ്ങളെല്ലാം എഴുതിത്തള്ളണമെന്ന് സുപ്രിം കോടതി മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.സമരം തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും ഇതുവരെ പ്രധാനമന്ത്രി ഇവരെ കാണാന്‍ കൂട്ടാക്കിയില്ല.ഒരു കൂടിക്കാഴ്ച തീരുമാനിച്ചുറപ്പിച്ചെങ്കിലും അത് നടക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനടുത്ത് നഗ്നരായി ഓടിയത്.