തിരുവനന്തപുരം: നന്തന്‍കോട്ട് സംഭവത്തിലെ പ്രതിയെന്നു കരുതുന്ന കേഡല്‍ ജന്‍സണ്‍ രാജ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടിയിലായി. കേരളത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട ഡോ. ജീന്‍ പദ്മയുടെ മകനാണ് കേഡല്‍ ജിന്‍സണ്‍ രാജ.ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ ഡോ. ജീന്‍ പദ്മ (58), ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് രണ്ടു വെട്ടുകത്തി, രക്തംപുരണ്ട മഴു, ഒരു കന്നാസ് പെട്രോള്‍ എന്നിവ കണ്ടെത്തി. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയനിലയില്‍ കണ്ടെത്തി.