ദില്ലി: കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടാനായി 24,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചു. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ ബജറ്റ് തുകയുടെ പകുതിയാണ് വരള്‍ച്ച ദുരിതാശ്വാസമായി കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വരള്‍ച്ച ദുരിതാശ്വാസ ബാധിത പട്ടികയിലുളളത്. കുറെ കാലങ്ങളായി വരള്‍ച്ചാ ബാധിത ദുരിതാശ്വാസത്തിനായി തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. കുടിവെളള പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ 65 ശതമാനം ബജറ്റ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഈ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് 5 ലക്ഷം കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രം പറഞ്ഞു.