കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്പോസിബി ള്‍ വിമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എംപിയാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പോലിസും ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളും ഒരുമിച്ചുള്ള കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് മാലിന്യമുക്ത യത്നത്തിലേര്‍പ്പെടുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കണ്ണൂരെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും തുണി സഞ്ചി മേളകള്‍ നടത്തിവരികയാണ്. ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാതലത്തി ല്‍ മൂന്നുദിവസം നടത്തിയ തുണി സഞ്ചി മേളയില്‍ ഒരു ലക്ഷത്തിലധികം സഞ്ചികള്‍ വില്പന നടത്താന്‍ കഴിഞ്ഞതും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച മാലിന്യമില്ലാത്ത മംഗല്യ എന്ന പരിപാടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്കരിച്ച കലക്ടേഴ്സ് അറ്റ് സ്കൂള്‍ എന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയും വിജയമായി.