
കോഴിക്കോട് ∙ മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എംഎൽഎ. എൻസിപിയുടെ തന്നെ എംഎൽഎ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരട്ടേ. മന്ത്രിസ്ഥാനം വലുതാണെന്നാണ് കരുതുന്നില്ല. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും തെറ്റ് പറ്റും. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും ശശീന്ദ്രൻ പറഞ്ഞു. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രൻ നൽകി. പൊലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രൻ വ്യക്തമാക്കി.