വാഷിങ്ടണ്‍: ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ രാജ്യവ്യാപക പ്രചാരണവും നിയമ നടപടിയും സ്വീകരിക്കുമെന്ന് എതിരാളികള്‍. ഫോസില്‍ ഇന്ധന ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതിയില്‍ വെല്ലുവിളിക്കുമെന്ന് പരിസ്ഥിതി സംഘടനകളും അറിയിച്ചിട്ടുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിലൂടെ വാതക, കല്‍ക്കരി, എണ്ണ വ്യവസായങ്ങളില്‍ ആയിരക്കണക്കിനു പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ട്രംപിന്റെ അനുയായികള്‍ കരുതുന്നത്.
കല്‍ക്കരി മേഖലയിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ ചരിത്രപ്രധാന ചുവടുവയ്പായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒബാമയുടെ പരിസ്ഥിതി നയത്തിൽ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു