തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാന്‍ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.