India, News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി;ജാമ്യം കര്‍ശന ഉപാധികളോടെ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാള്‍ ജയില്‍ മോചിതനായത്. അൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുൻപിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാള്‍ പറഞ്ഞു.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാള്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Previous ArticleNext Article