Kerala

നിപ ജാഗ്രത ;ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു.പനി ബാധിച്ച് ആദ്യം മരിച്ച ആൾക്ക് നിപ രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്കും രോഗം പകർന്നത്. ചികിത്സിച്ച ആശുപത്രിയിൽ നിന്നും തൊണ്ടയിലെ ശ്രവം പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30-നാണ് മരുതോങ്കര സ്വദേശി മുഹമ്മദലി രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 4 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 327 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 17 പേർ ഐസൊലേഷൻ വിഭാഗത്തിലാണ്. ആദ്യം മരിച്ചയാൾക്ക് മറ്റ് ജില്ലകളിലുള്ളവരുമായുള്ള സമ്പർക്കപ്പട്ടിക പുറത്തുവിട്ടു. മലപ്പുറം -22, തൃശ്ശൂർ – 3, വയനാട് – 1, കണ്ണൂർ -3, എന്നീങ്ങനെയാണ് കണക്കുകൾ.ഇന്ന് രോഗം സ്ഥീരികരിച്ച ചെറുവണ്ണൂരിന്റെ 5 കിലോ മീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍, മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ സാമ്പിളുകൾ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ പരിശോധിച്ച് വരികയാണ്.അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article