Kerala, News

കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് ബംഗാൾ സ്വദേശി; ഭിക്ഷാടനം തടഞ്ഞത് പ്രകോപനമായെന്ന് ഉത്തരമേഖലാ ഐജി

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ വെച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശിയെന്ന് സ്ഥരീകരിച്ച് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പുഷൻ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് ട്രെയിനിന് തീവെച്ചതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.ഭിക്ഷാടനം തടഞ്ഞതിന്‍റെ പ്രകോപനത്തിലാണ് ഇയാൾ ട്രെയിനിൽ തീവെച്ചതെന്നും നീരജ് കുമാർ ഗുപ്ത പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഐ ജി.കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പുഷൻ. കൊൽക്കത്തയിലും ഡൽഹിയിലും, മുംബൈയിലും ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി വിൽപന നടത്തിയിരുന്നു. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇയാൾ കുറച്ച് ദിവസം മുമ്പാണ് കേരളത്തിലേക്ക് വന്നത്. മൂന്ന് ദിവസം മുമ്പാണ് തലശേരിയിൽനിന്ന് കാൽനടയായി കണ്ണൂരിലേക്ക് വന്നത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുട‍ര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ പണം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മ‍ര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. ട്രെയിനിൽ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റേതുമായി സാമ്യമുണ്ട്.കൂടാതെ കത്തിയ കോച്ചിൽ നിന്ന് ലഭിച്ച കുപ്പിയിലും ഇയാളുടെ വിരലടയാളമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തീവെപ്പിന് തൊട്ടുമുൻപ് ഇയാൾ ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിരുന്നു.അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. റെയിൽവേ അധികൃതർ ഇന്ന് ട്രെയിനിൽ കൂടുതൽ പരിശോധന നടത്തും.

Previous ArticleNext Article