കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വൻ തീപിടിത്തം.മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം.എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റാണ് പൂർണമായും കത്തി നശിച്ചത്.ട്രെയിൻ കത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഒരാൾ ക്യാനുമായി കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഷമാണ് ട്രെയിനിൽ നിന്നും തീ ഉയർന്നത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനിടയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോഗിയുടെ എല്ലാ ഭാഗത്തുനിന്നും തീപടർന്നതിനാൽ സാധാരണ തീപിടിത്തം ആകാനുളള സാദ്ധ്യതയില്ലെന്നും അട്ടിമറി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.11.15 ഓടെ യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. തീ ആളിപ്പടർന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്ക് പ്ലാറ്റ്ഫോം വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തീയണയ്ക്കൽ ശ്രമം ദുഷ്ക്കരമാക്കി.ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽമൂന്ന് പേർ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തിൽ ഷാരുഖ് സെയ്ഫിയെന്നയാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാർ്ട്ട്മെന്റ് പൂർണമായും കത്തി നശിച്ചിരിക്കുന്നത്.