Kerala

അട്ടപ്പാടി മധു വധക്കേസ്; നരഹത്യ കുറ്റം തെളിഞ്ഞു; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി;രണ്ട് പേരെ വെറുതെ വിട്ടു

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്‌ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികളും നരഹത്യ കുറ്റത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തി. ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ, മർദ്ദനം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുക്കാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടിൽ നിന്ന് പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രണത്തിലേറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്.സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019-ൽ വിടി രഘുനാഥിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക്ക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

Previous ArticleNext Article