Kerala, News
ബിബിസി ഡോക്യുമെന്ററി വിവാദം; എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് പിന്നാലെ രൂക്ഷ വിമർശനങ്ങള്‍ നേരിട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിലെ പദവികളെല്ലാം രാജിവെച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സ്ഥാനത്തു നിന്നും എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെല്ലിൽ നിന്നുമാണ് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ വ്യക്തമാക്കിയത്. മോദിക്കെതിരായ പരാമര്‍ശമുണ്ടെന്നതിനാല്‍ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനെതിരെ അനില്‍ കെ ആന്റണി രംഗത്ത് വരികയായിരുന്നു. ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലമാക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ബി.സി. മുന്‍വിധിയുടെ ചരിത്രമുള്ള മാധ്യമസ്ഥാപനമാണ്. നമ്മള് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണ്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം സമ്പൂര്‍ണമാണെന്ന് കരുതരുത്. മറ്റുള്ളവര്‍ ആഭ്യന്തരപ്രശ്നത്തിനായി ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതല്ല. ഇന്ത്യ ബ്രിട്ടനെയും പിന്തള്ളി ലോകശക്തിയാകുമ്പോഴാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി വരുന്നത്. അത് രാജ്യ താത്പര്യത്തിനെതിരാണെന്നും അനില്‍ പറഞ്ഞിരുന്നു.കോൺഗ്രസിൽ നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ചതിൽ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. അനിൽ ഇപ്പോൾ കെപിസിസിയുടെ ഒരു സമിതിയുടേയും ഭാഗമല്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഡിജിറ്റൽ മീഡിയ സെല്ലിൽ പുന:സംഘടന നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.പാർട്ടി നിലപാടല്ല അനിൽ ആന്റണി പറഞ്ഞതെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.