കാസർകോട്: കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണകാരണം ആത്മഹത്യയെന്ന് പ്രാഥമിക വിവരം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തതിന് പിന്നാലെയാണ് മരണകാരണം വ്യക്തമായത്.മാനസിക സമ്മർദം കാരണം ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുള്ളതെന്ന് സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴാം തീയതി രാവിലെയാണ് കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.എന്നാൽ ഭക്ഷ്യവിഷബാധയല്ല, വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ആദ്യ സൂചന നൽകിയത്.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് തെളിഞ്ഞത്. അഞ്ജുശ്രീ മാനസിക സംഘർഷം നേരിട്ടിരുന്നതായും ആത്മഹത്യക്കുറിപ്പിലുള്ളതായാണ് വിവരം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.