
കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ നേരത്തേ കേട്ടിരുന്നതുപോലെ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.