തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും മന്ത്രി പറഞ്ഞു. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ആശയം മാത്രമാണ് സർക്കാർ മുന്നോട്ടുവെച്ചത്, ഇക്കാര്യത്തിൽ വിശ്വാസി സമൂഹത്തിന് ആശങ്കവേണ്ടെന്നും നിയമസഭയിൽ എൻ.ഷംസുദ്ദീന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലിം സംഘടനകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് പരിഷ്‌കരണം വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്കൂളുകളിലും രാവിലെ 8ന് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്കൂളുകളിലും രാവിലെ 8 മണിയ്ക്കാണ് ക്ലാസ് തുടങ്ങുന്നത്.മിക്സഡ് ബെഞ്ചുകളും മിക്സഡ് ഹോസ്റ്റലുകളും എന്ന നിർദേശം ഒരിടത്തും നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലിംഗപരമായ സവിശേഷത എന്നിവ മൂലം ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നൽകി വരുന്ന പരിഗണനയും സംരക്ഷണവും ജെന്‍ഡർ ന്യൂട്രല്‍ ആശയങ്ങൾ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.