ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും(21) കുഞ്ഞുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്.പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓപ്പറേഷന് നടത്തിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം ചുമതലപ്പെടുത്തിയിരുന്നു. അമ്പലപ്പുഴ പോലീസ് അപർണയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് അപർണ മരിച്ചത്.ഇതോടെ ബന്ധുക്കൾ പ്രതിഷേധം ശക്തമാക്കി കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.അതേസമയം സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ മാറ്റിനിർത്താൻ തീരുമാനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഡോ. തങ്കു തോമസ് കോശിയെ മാറ്റി നിർത്താനുള്ള തീരുമാനം. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.