തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ഇരട്ട ജീപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1.25 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ചെയ്ത കുറ്റത്തിന് ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോ എന്ന് പ്രതികളോട് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഉമേഷും ഉദയനും മറുപടി നൽകിയില്ല. ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികൾ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടത്.കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. 2018 മാർച്ച് 14 നാണ് വിദേശ വനിതയെ കാണാതായത്. 37 ദിവസത്തിന് ശേഷം പനത്തുറയിലെ കണ്ടൽകാട്ടിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ ലാത്വിയൻ യുവതിക്ക് ലഹരിവസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് കോവളത്തിന് സമീപം കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.