India, Kerala, News

ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ആദ്യത്തെ പ്രൈവറ്റ് റോക്കറ്റ്;വിക്രം-എസിന്റെ വിക്ഷേപണം വിജയകരം

keralanews indias first private rocket vikram s successfully launched

തിരുവനന്തപുരം:ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിങ് റോക്കറ്റ് വിക്ഷേപണമാണ് വിയജകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം.’പ്രാരംഭ്’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ബഹിരാകാശ മേഖല ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് റോക്കറ്റ് വിക്ഷേപണത്തിന് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. 545 കിലോ ഭാരവും ആറ് മീറ്റര്‍ ഉയരവുമുള്ള ഒരു ചെറിയ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്.വിക്രം എന്ന പേരില്‍ റോക്കറ്റിന്റെ മൂന്ന് പതിപ്പുകളാണ് സ്‌കൈറൂട്ട് പുറത്തിറക്കുന്നത്. 480 കിലോഗ്രാം ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-1, 595 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള വിക്രം-2, 815 കിലോഗ്രാം മുതല്‍ 500 കിലോമീറ്റര്‍ വരെ ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-3 എന്നിവയാണ് അവ. ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ സ്‌പേസ് ടെക് ഇന്ത്യ, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവ ചേർന്ന് നിർമ്മിച്ച മൂന്ന് പേലോഡുകളാണ് റോക്കറ്റിലുണ്ടായിരുന്നത്.സ്‌കൈറൂട്ട് വികസിപ്പിച്ച റോക്കറ്റുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രധാന ഘടനയുള്ള ലോകത്തിലെ ചുരുക്കം ചില വിക്ഷേപണ വാഹനങ്ങളില്‍ ഒന്നാണ് ഈ റോക്കറ്റുകള്‍. വാഹനത്തില്‍ സ്പിന്‍ സ്ഥിരതയ്ക്കായി ഉപയോഗിക്കുന്ന ത്രസ്റ്ററുകള്‍ 3ഡി പ്രിന്റ് ചെയ്തതാണ്. വിക്ഷേപണ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിന് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.രാജ്യത്ത് ഇതുവരെയുള്ള റോക്കറ്റുകളുടെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ അധീനതയിലായിരുന്നതിനാല്‍ ഈ ദൗത്യം ചരിത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

Previous ArticleNext Article