പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്.മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം പുലർത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാൾ.പുലർച്ചെയായിരുന്നു പരിശോധന. കോയമ്പത്തൂർ ചാവേർ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.അതേസമയം ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ വ്യാപക പരിശോധന നടത്തിയിരുന്നു. 45 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.