Kerala, News

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു

keralanews congress leader and former president of kannur dcc satheesan pacheni passed away

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സതീശന്‍ പാച്ചേനി സജീവമായത്.കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്.തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം.മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.പാച്ചേനി സർക്കാർ എൽ പി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.എ കെ ആന്റണിയോടുള്ള ആദരവ് കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

Previous ArticleNext Article