ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. 416 വോട്ട് അസാധുവായതായി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഖാർഗെയുടെ കർണ്ണാടകയിലെ വസതിക്ക് മുമ്പിലും ഒഫീസ് പരിസരത്തും വിജയാഘോഷം തുടങ്ങിയിരുന്നു.കള്ളവോട്ട് നടന്നതായുള്ള തരൂരിന്റെ അക്ഷേപം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ വോട്ടെണ്ണൽ ഏറ്റവും ഒടുവിൽ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂവായിരം വോട്ടുമായി ഖാർഗെ ബഹുദൂരം മുന്നിലെത്തി.വോട്ടെണ്ണൽ പാതി പിന്നിട്ടതോടെ ഖാർഗെയുടെ അപ്രമാദിത്യം വ്യക്തമായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തന്നെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു.അതേസമയം എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും തരൂർ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാർജുന ഖാർഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസനേർന്ന തരൂർ, കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.