തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഘ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിട്ട് ഹർത്താൽ അനുകൂലികൾ.ആദ്യ മണിക്കൂറിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയും കല്ലേറുണ്ടായി.വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി.വയനാട് നാലാം മൈൽ പീച്ചങ്കോട് ഹർത്താൽ അനുകൂലികൾ കാറിനും ട്രക്കിനും കല്ലെറിഞ്ഞു.പോത്തൻകോട് മഞ്ഞ മലയിൽ കടയിൽ കയറിയ ഹർത്താൽ അനുകൂലികൾ പഴക്കുലകൾ വലിച്ചെറിഞ്ഞു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.ഒരാൾ കസ്റ്റഡിയിലായി.കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്.