Kerala, News

എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

keralanews a k g center attack youth congress worker arrested

തിരുവനന്തപുരം: എ കെ ജി സെന്റർ അക്രമണ കേസിലെ പ്രതി അറസ്റ്റിൽ.മൺവിള സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ എവിടെ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. കാറും ടീ ഷർട്ടുമാണ് ഇയാൾക്കെതിരെ തെളിവായി ലഭിച്ചിരുന്നത്. അക്രമിയുടെ ദൃശ്യങ്ങളിൽ കണ്ട ടീ ഷർട്ടും ഷൂസും ജിതിന്റേതാണന്ന ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ട കെഎസ്ഇബി ബോർഡ് വെച്ച കാറും ഇയാളുടേതാണെന്ന് കണ്ടെത്തി.ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ജൂൺ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടു കൂടി ജിതിനെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോകുമെന്നാണ് വിവരം.അതേസമയം എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ അറസ്റ്റ് നാടകമാണെന്ന് വിടി ബൽറാം. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട സാഹചര്യത്തിൽ അവഹേളിക്കാനാണ് നീക്കം. തെളിവ് ഉണ്ടെങ്കിൽ കൊണ്ടുവരട്ടേയെന്നും അറസ്റ്റ് അംഗീകരിക്കുന്നില്ലെന്നും ബൽറാം പറഞ്ഞു.

Previous ArticleNext Article