കൊച്ചി :പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും. ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോവുക. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയേയും പോലീസിനേയും ഓഫീസിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കേന്ദ്ര സേനയുടെ സഹായത്തോടെ എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ജില്ലകളില്‍ റെയ്ഡ് നടന്നു.കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളില്‍ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) റെയ്ഡ് നടത്തി. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്.