Kerala, News

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം

keralanews student commits suicide after posting confiscation notice at home family to intensify protest

കൊല്ലം :വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയെ (18)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടിൽ ജപ്തി നോട്ടീസ് കണ്ട കോളേജ് വിദ്യാർത്ഥിയായ അഭിരാമി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തി. അഭിരാമിയുടെ പോസ്റ്റ് മോർട്ടവും ഇന്ന് നടക്കും.നാല് വർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ കേരള ബാങ്കിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോൺ എടുത്തത്. കൊറോണ കാലത്ത് അച്ഛന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ ബാക്കി തുക ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.

Previous ArticleNext Article