തിരുവനന്തപുരം : വിദ്യാർഥിനിയുടെ കൺസഷൻ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിൽ തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛന് മർദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്.കാട്ടാക്കട ഡിപ്പോയിലെ അഞ്ചിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.ആമച്ചൽ സ്വദേശി പ്രേമനെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മകളുടെ കൺസെഷൻ പുതുക്കാനായാണ് ഇയാൾ കാട്ടാക്കട ഡിപ്പോയിലെത്തിയത്. പഴയ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.മൂന്ന് മാസം മുൻപാണ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സിന് പഠിക്കുന്നയാളോട് ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞു. ഇതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.പരീക്ഷ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സിഐടിയു പ്രവർത്തകർ മകളുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു.
Kerala, News
മകൾക്ക് കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛനെ മർദ്ദിച്ച സംഭവം;കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്
Previous Articleകണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി; ദയാവധത്തിനിരയാക്കി