Kerala, News

തൃശൂർ പാലപ്പിള്ളിയിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

keralanes cow infected with rabies virus shot dead in thrissur palappilli

തൃശൂർ: പാലപ്പിള്ളി എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ചു കൊന്നത്.  പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് പശു നിരീക്ഷണത്തിലായിരുന്നു.വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പോലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയാണ് പശുവിനെ വെടിവെച്ച് കൊന്നത്. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണത്തിലായിരുന്ന വനം വകുപ്പ് ജീവനക്കാരൻ്റെ വീട്ടിലെ വളർത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. ഈ സമയമത്രയും ഖാദറിൻ്റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിൻ്റെ നിർദേശപ്രകാരം തന്നെ കുഴിച്ചിട്ടു.ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. മേഖലയിലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

Previous ArticleNext Article