കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രായമായ സ്ത്രീകളെയും ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും കടിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ പേവിഷബാധയുണ്ടെന്ന സംശയമുണ്ടായിരുന്നു.ഈ നായയുടെ കടിയേറ്റ സ്ത്രീകള്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ എടുത്ത ശേഷം ചികിത്സയിലാണ്.അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. കണ്ണൂരിൽ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നായയുടെ ആക്രമണത്തിൽ സ്‌കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിക്കും സ്‌കൂട്ടർ മറിഞ്ഞ് അഭിഭാഷകനും പരിക്കേറ്റു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.