തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രിയവർഗീസ് ഉൾപ്പെട്ട വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ.ചാന്‍സിലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാന്‍സലറുടെ പ്രഖ്യാപനം.റിസർച്ച് സ്‌കോർ 651 ഉള്ള ജോസഫ് സ്‌കറിയയേയും 645 ഉള്ള സി ഗണേഷിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് പ്രിയ വർഗ്ഗീസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ചട്ടങ്ങള്‍ മറികടന്നാണ് പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന ആരോപണവും വിമര്‍ശനങ്ങളും നിലനില്‍ക്കവെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍.തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപകയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നല്‍കാതെ താല്‍ക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ജൂലൈയില്‍ കൂടിയ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നല്‍കി.