ന്യൂഡൽഹി: വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകള്‍ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയര്‍ത്തി. മുന്‍പ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.