Kerala, News

ആംബുലന്‍സില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു; ഓക്‌സിജൻ സിലിണ്ടർ കാലിയായിരുന്നെന്ന് കുടുംബത്തിന്റെ പരാതി

keralanews patient died in the ambulance due to lack of oxygen family complained that the oxygen cylinder was empty

പത്തനംതിട്ട:ആംബുലന്‍സില്‍ രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്‌സിജൻ തീർന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍വെച്ച്‌ രാജന് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യ വകുപ്പിന്റെ തന്നെ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്ന ആംബുലന്‍സിലാണ് രോഗിയെ കിടത്തിയത്.എന്നാല്‍ യാത്ര പുറപ്പെടും മുൻപ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നാണ് രാജന്റെ മകന്‍ ഗിരീഷ് ആരോപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു. ഈ വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താനോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡൈവര്‍ ബിനോയ് തള്ളി.ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.

Previous ArticleNext Article