തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് നിന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം തുറന്നു. വൈകിട്ട് അഞ്ചിനാണ് വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ തുറന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. ആകെ 1870 ഘനയടി ജലമാണ് പുറത്തുവിടുന്നത്. 9066 ഘനയടിയാണ് നീരൊഴുക്ക്. എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറില്‍ വിന്യസിച്ചിട്ടുണ്ട്.പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റും സജ്ജീകരിച്ചു. കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യൂ മന്ത്രി കെ.രാജന് അറിയിച്ചു.