Kerala, News

തൃശൂരിൽ 22 കാരൻ മരിച്ചത് മങ്കിപോക്‌സ് ബാധിച്ച്;15 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

keralanews 22 year old dies of monkeypox in thrissur 15 people on contact list

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്ന് സ്ഥിരീകരണം. യുഎഇയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 22കാരന്റെ മരണമാണ് മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലും യുവാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണമാണിത്. ഇന്നലെ ആലപ്പുഴയിലെ വൈറോളജി ലാബിലാണ് യുവാവിന്റെ സ്രവ പരിശോധന ആദ്യം നടത്തിയത്.അവിടെ പോസിറ്റീവ് ആണെന്ന ഫലമാണ് ലഭിച്ചത്. തുടര്‍ന്നാണ് സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് പരിശോധിക്കാനായി അയച്ചത്.യുവാവിന് മങ്കിപോക്‌സ് ആണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇദ്ദേഹം യുഎഇയിലായിരുന്നു. അവിടെ 19, 20 തിയതികളിലാണ് മങ്കിപോക്‌സ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു. ഈ വിവരം മറ്റാരോടും പറയാതെയാണ് യുവാവ് നാട്ടിലേക്ക് വന്നത്. നാട്ടില്‍ നെടുമ്പാശേരിയിലാണ് വിമാനം ഇറങ്ങിയത്. 22ാം തിയതി വീട്ടിലെത്തി. ഇവിടെ രണ്ട് ദിവസം കഴിഞ്ഞിരുന്നു. യുവാവിന് മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് കുരുക്കള്‍ ഉണ്ടായിരുന്നില്ല. കഴലവീക്കവും തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അപസ്മാരവുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഇയാള്‍ കൂട്ടുകാരുമൊത്ത് കളിക്കാനും മറ്റുമായി പുറത്ത് പോയിരുന്നു.ഒടുവില്‍ ന്യൂമോണിയ ബാധിച്ച് പനി കടുത്തു. 27ാം തിയതി ഇയാള്‍ കുഴഞ്ഞു വീണു. ആദ്യം ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി ഗുരുതരമാവുകയും, ശനിയാഴ്ച  മരിക്കുകയുമായിരുന്നു. നിലവില്‍ 15 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

Previous ArticleNext Article