തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയില്‍ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 55 വീടുകള്‍ക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 200 മില്ലിലീറ്ററില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ നാലു ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയ്യാറെടുപ്പും ആവശ്യമാണ്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡാമുകളില്‍ നിലവില്‍ വെള്ളം ഒഴുക്കി വിടേണ്ട സാഹചര്യമില്ല. ഡാം കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളില്‍ നിന്നും നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കും.ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമഴയാണ് നാളെ വരെ അതിതീവ്രമഴ തെക്കന്‍- മധ്യ കേരളത്തിലുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. നാളെ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം.
മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ഒരുങ്ങാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജിപിമാരായ എംആര്‍ അജിത്ത് കുമാറും, വിജയ് സാഖറെയും പൊലീസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.അടിയന്തര ഇടപെടലിന് മന്ത്രിമാര്‍ക്ക് ജില്ലാ ചുമതല നല്‍കിയിട്ടുണ്ട്. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണം ഉണ്ടാക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലൈനുകളുടേയും പോസ്റ്റുകളുടേയും സുരക്ഷാ പരിശോധന കെഎസ്‌ഇബി നിര്‍വഹിക്കും. പാലങ്ങളുടെ സുരക്ഷ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ ആവശ്യമായ ഇടത്ത് അതിനുള്ള സൗകര്യം ഒരുക്കും.സംസ്ഥാനത്ത് ആകെ ഏഴ് ക്യാംപുകളാണ് നിലവില്‍ ആരംഭിച്ചത്. നിലവില്‍ ഏഴ് ക്യാംപുകളിലായി 90 പേര്‍ തങ്ങുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി,വയനാട് ഒരോ ക്യാംപുകളും കോട്ടയത്ത് രണ്ട് ക്യാംപകളുമാണ് തുറന്നത്. ദുരന്തനിവാരണ അതോറിട്ടി അതാത് സമയത്ത് നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും പാലിക്കണം. മഴ സാഹചര്യം പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. നിലവില്‍ തെക്കന്‍ ജില്ലയിലെ സ്‌കൂളുകളില്‍ എല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.