India, News

അമര്‍നാഥ് മേഘവിസ്ഫോടനം;ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 20 ആയി

keralanews amarnath cloudburst four more deadbodies found death toll rises to 20

അമര്‍നാഥ്: അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി.ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂര്‍ സ്വദേശികളാണ്. ഇതോടെ മരിച്ച രാജസ്ഥാന്‍ സ്വദേശികളുടെ എണ്ണം ഏഴായി. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. ജൂലൈ 6 ന് പഹല്‍ഗാമില്‍ നിന്നാണ് ഇവര്‍ യാത്ര ആരംഭിച്ചത്.വെള്ളിയാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേരുടെ മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര താല്‍കാലികമായി നിര്‍ത്തിവെയ്‌ക്കുകയും തിങ്കളാഴ്ച രാവിലെ ഭാഗീകമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ പഞ്ചതരണി പാതയിലൂടെ യാത്ര ആരംഭിച്ച്‌ ബാല്‍ത്തല്‍ വഴി തിരികെ എത്താനാണ് നിര്‍ദേശം. സിആര്‍പിഎഫിന്റെ സുരക്ഷയോട് കൂടി 4,000 ത്തോളം പേര്‍ യാത്ര ആരംഭിച്ചു.ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാമിലെ നുന്‍വാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍ത്തല്‍ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക.ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ 43 ദിവസത്തെ തീര്‍ത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.ജൂണ്‍ 30 ന് ആരംഭിച്ച യാത്ര രക്ഷാബന്ധന്‍ ദിനത്തില്‍ അവസാനിക്കും.

Previous ArticleNext Article