കൊല്ലം:സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിന് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം 10 വര്‍ഷവും ആത്മഹത്യ പ്രേരണ കുറ്റം 306 പ്രകാരം ആറുവര്‍ഷവും 498 എ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെഎന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.കേസില്‍ കിരണ്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. കിരണ്‍കുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.അവസാന നിമിഷം വരെ താൻ തെറ്റാന്നും ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ വാദം. കോടതിയുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമവും പ്രതി കോടതിയിൽ നടത്തി. ശക്തമായ വാദങ്ങളായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ അവതരിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രായം പരിഗണിക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം നൽകാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിച്ച് കൊണ്ടുള്ള വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. രാജ്യത്തെ ആദ്യത്തെ സ്ത്രീധന മരണമല്ല ഇതെന്നും ചില കൊലക്കേസിൽ പോലും ജീവപര്യന്തം ശിക്ഷ നൽകാതെ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ കേസായി വിസ്മയയുടെ കേസ് തന്നെ പരിഗണിച്ചു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായിരുന്നു വിസ്മയ. 2020 മേയ് 30-നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം ചെയ്തത്. തുടർന്ന് 2021 ജൂൺ 21-ന് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് കിരൺ കുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.
Kerala, News
വിസ്മയക്കേസിൽ ശിക്ഷ വിധിച്ച് കോടതി; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ
Previous Articleവിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; വിധി നാളെ