കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു.എന്നാല്‍ ആലുവയിലെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവിടെ വച്ച് ചോദ്യം ചെയ്തത്.കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന കാലാവധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കാവ്യയുൾപ്പെടെ കേസിൽ നിർണായക മൊഴി നൽകുമെന്നു കരുതുന്നവരുടെ ചോദ്യം ചെയ്യൽ ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് വേഗം കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലില്‍ നടി സഹകരിച്ചോ എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല.കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർ നീക്കങ്ങൾ നടത്തും.