കാസർകോട്: കാസർഗോഡ് ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂള്‍ബാര്‍ മാനേജര്‍ പടന്നയിലെ തായൽ ഹൗസ് അഹമ്മദിനെയാണ് ചന്ദേര പോലീസ് അറസ്റ്റ് ചെയ്യതത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനസ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ നേരത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കേസിൽ പ്രതിചേർക്കപ്പെട്ട സ്ഥാപന ഉടമ പിലാ വളപ്പിൽ കുഞ്ഞഹമ്മദിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. കുഞ്ഞഹമ്മദ് കേസിൽ നാലാം പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 31 പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ഐഡിയൽ ഫുഡ് പോയിന്റ് സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഫുഡ് പോയിന്റിന്റെ കാർ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വാൻ കത്തിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്.