ബെംഗളൂരു:പ്രതിദിന കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ.തിരvക്കേറിയ സ്ഥലങ്ങളിലും മറ്റ് ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കൊവിഡ് പ്രതിരോധത്തിനായി നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിന് പുറമേ സാമൂഹിക അകലം പാലിക്കലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ വ്യാപനഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് നാലാം തരംഗത്തിന്റെ ഭീതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.കൊവിഡിനെതിരെ പ്രതിരോധശേഷി നേടുന്നതിന് മുന്‍കരുതല്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡോ. കെ. സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെങ്കിലും, ജനങ്ങളോട് ജാഗ്രത പാലിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്‍. അശോക്, കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.