കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയതെന്നും അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങൾ ദിലീപിന്റെ ഭാര്യാ സഹോദരൻ സൂരജിന്റെ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് അറിയിച്ചു.ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. അതേസമയം കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചു. അഭിഭാഷകരായ ബി. രാമൻപിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് അയക്കാനാണ് ബാർകൗൺസിൽ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് നടപടി.