India, News

മാർച്ച് 31 ന് മുന്‍പായി പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ 10000 രൂപ വരെ പിഴ ഈടാക്കും

keralanews failure to link pan aadhaar before march 31 will result in a fine of up to rs 10000

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022  മാര്‍ച്ച്‌  31 ന് മുന്‍പായി  നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ്  മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ്  ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.

Previous ArticleNext Article