ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് പുലർച്ചെ 5.45നും രണ്ടാമത്തേത് രാവിലെ 8.40നുമാണ് എത്തിയത്. മൂന്നാമത്തെ വിമാനം 1.15നും ഡൽഹിയിലെത്തി. ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ സംഘത്തിലുണ്ട്.സുമിയിൽ നിന്നും ഒഴിപ്പിച്ച 694 പേരെ ബുധനാഴ്ച 12 ബസുകളിലായി പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യൻക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ടുണീഷ്യ പൗരന്മാരേയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സുമിയിലെ അവസ്ഥ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ആദ്യത്തെ രണ്ട് ദിവസം ഒരുപാട് ഭയന്നുവെന്നും അവിടെ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.