Kerala, News

കെപിഎസി ലളിത അന്തരിച്ചു;അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ അഭിനയശ്രീ

keralanews famous actress kpac lalitha passed away

കൊച്ചി:പ്രശസ്ത നടി കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ സിദ്ധാർത്ഥിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് അന്ത്യം. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നു.രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു.തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയി.വൈകീട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.മകൻ സിദ്ധാർത്ഥ് ചിതയ്‌ക്ക് തീകൊളുത്തി.പൊതുദർശനത്തിന് ശേഷം വൈകീട്ട് 5.45 യോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശേഷം വീട്ടുവളപ്പിലേക്ക് കൊണ്ടുപോയി. ഭർത്താവ് ഭരതൻ അന്ത്യവിശ്രമം കൊള്ളുന്നതിന് അടുത്തായാണ് കെപിഎസി ലളിതയ്‌ക്കും ചിതയൊരുക്കിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. പത്ത് വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. രണ്ട് തവണ മികച്ച സഹനടിയ്‌ക്കുള്ള പുരസ്കാരം നേടി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയിൽ ചേർന്നു. അന്ന് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർക്കുകയും ചെയ്തു. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കുനോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നീ ചിത്രങ്ങൾ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ മാറ്റുകൂട്ടിയ ചിത്രങ്ങളാണ്. നാടകത്തിലും സിനിമയിലും കൂടാതെ സീരിയലുകളിലും സജീവമായിരുന്നു.മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 1978-ലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭരതനുമായുള്ള ലളിതയുടെ വിവാഹം. 1998ൽ ഭരതൻ മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച ലളിതയുടെ മകൻ പ്രശസ്ത അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥാണ്. ശ്രീക്കുട്ടിയെന്ന മകൾ കൂടിയുണ്ട്.

Previous ArticleNext Article