കോഴിക്കോട്:വെള്ളമാണെന്ന് കരുതി തട്ടുകടയിൽ നിന്നും അബദ്ധത്തിൽ ആസിഡ് കുടിച്ച വിദ്യാർത്ഥി ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ .കാസർകോട്ടെ മദ്രസ്സയിൽ നിന്നും വിനോദയാത്രയ്‌ക്കായി കോഴിക്കോട് ബീച്ചിൽ എത്തിയ സംഘത്തിൽ പെട്ട പതിനാലുകാരൻ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.വിദ്യാർത്ഥിയും ഒപ്പമുണ്ടായിരുന്നവരും ബീച്ചിൽ ഉന്തുവണ്ടിയിൽ വിൽപ്പനയ്‌ക്ക് വെച്ച ഉപ്പിലിട്ടത് വാങ്ങി കഴിച്ചിരുന്നു. ഉപ്പിലിട്ടതിന്റെ എരിവ് മൂലം മുഹമ്മദ് ഉന്തു വണ്ടിയിൽ തന്നെ വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ആസിഡ് കുടിച്ചതോടെ അവശതയിലായ മുഹമ്മദിന് ശ്വാസമെടുക്കാൻ തടസ്സം അനുഭവപ്പെടുകയും,ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു മേലേക്ക് ശർദിക്കുകയും ചെയ്തു.ശർദിൽ ദേഹത്ത് വീണ് സുഹൃത്തിനും ഗുരുതര പൊള്ളലേറ്റു.ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ തൊണ്ടയും,അന്ന നാളവും ഗുരുതരമായി പൊള്ളിയിട്ടുണ്ട് .ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം നിലവിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി .ഇന്നലെ മുഹമ്മദ് സംസാരിച്ചു തുടങ്ങിയതോടെയാണ് നടന്ന സംഭവം വീട്ടുകാർ അറിയുന്നത്. ഉപ്പിലിടുന്നത് പെട്ടെന്ന് പകമാകാൻ ബാറ്ററി വെള്ളം,ആസിഡ് തുടങ്ങി ആരോഗ്യത്തിനു അതീവ ഹാനികരങ്ങളായ വസ്തുക്കൾ കച്ചവടക്കാർ ഉപയോഗിക്കുന്നതായി പരാതികൾ ഉണ്ട്.ഇത്തരത്തിൽ ഉന്തു വണ്ടിയിൽ സൂക്ഷിച്ച ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചതെന്നാണ് സൂചന.