Kerala, News

ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്

keralanews forest department charge case against babu who trapped in cherad hill

പാലക്കാട്:മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്. വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനാണ് കേസ്.ഒപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മലയില്‍ കൂടുതല്‍ ആളുകള്‍ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.വനം-പരിസ്ഥിതി സ്‌നേഹികളുള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തില്‍ അതിക്രമിച്ച്‌ കയറിയാല്‍ നിര്‍ബന്ധമായും കേസെടുക്കണമെന്ന രീതിയില്‍ അവര്‍ ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.നേരത്തെ ബാബുവിനെതിരെ നടപടി എടുക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു അന്ന് നടപടി എടുക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരാള്‍ വീണ്ടും കുര്‍മ്പാച്ചി മലയിലേക്ക് കയറിയിരുന്നു.ഇതിന് പിന്നാലെയാണ് ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. നേരത്തെ ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്നും സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുമെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചത്. കൂടാതെ ആര്‍ ബാബുവിന് നല്‍കിയ പ്രത്യേക അനുകൂല്യം നിയമലംഘനത്തിനുള്ള ലൈസന്‍സ് ആയി കണക്കാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് മല കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും, 1000 മുതല്‍ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളില്‍ ഇല പറിച്ചാലും, ചെടി നട്ടാലും, വേരോടെ പിഴുതെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക.

Previous ArticleNext Article