കോഴിക്കോട്: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും.ഇന്നലെ ഹാജരാക്കിയെ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ തേടും. 11 മണിക്കൂറായിരുന്നു ഷാജിയെ ഇന്നലെ ചോദ്യം ചെയ്തത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 2014ൽ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നൽകിയത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. ഇതിന് മുൻപ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസും ഷാജിയെ ചോദ്യം ചെയ്തിരുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയായിരുന്നു കണ്ടെത്തിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും വിജിലന്‍സിന് ലഭിച്ചു.