Kerala, News

നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി; പ്രതിഷേധവുമായി നാട്ടുകാർ

keralanews man who climbed the kurmpachi hill was sent back around midnight locals in protest

പാലക്കാട്: നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി.പ്രദേശവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കൊല്ലംകുന്ന് രാധാകൃഷ്ണനാണ്(45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി 12.45ഓടെ ഇയാളെ താഴെ എത്തിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെ മലമുകളില്‍ ടോര്‍ച്ചിന്റേതിന് സമാനമായ വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ രാധാകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അതേസമയം മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ മലയടിവാരത്ത് നിലയുറപ്പിച്ചു. അതിക്രമിച്ച് മല കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും താഴെ ആളുകള്‍ ഉള്ളതറിഞ്ഞ് മറ്റേതെങ്കിലും വഴിയിലൂടെ ഇവര്‍ പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. രാധാകൃഷ്ണന്‍ വനമേഖലയില്‍ അലഞ്ഞു നടക്കുന്ന ആളാണെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Previous ArticleNext Article