തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. നാല് തീവണ്ടികൾ റദ്ദാക്കി. ഉച്ചയോടെയായിരുന്നു സംഭവം. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു തീവണ്ടി പാളം തെറ്റിയത്. തൃശ്ശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു തീവണ്ടി.തീവണ്ടി പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും മറ്റ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീവണ്ടി റെയിൽ പാളത്തിൽ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.എറണാകുളം-ഗുരുവായൂർ പാസഞ്ചർ,എറണാകുളം-ഷൊർണൂർ പാസഞ്ചർ, നിലമ്പൂർ-കോട്ടയം പാസഞ്ചർ,വേണാട് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ തീവണ്ടികൾ.ചുരുങ്ങിയത് പത്ത് മണിക്കൂർ സമയം പാളം തെറ്റിയ ബോഗികൾ മാറ്റാൻ വേണ്ടിവരുമെന്നാണ് നിഗമനം. തുടർന്ന് മാത്രമേ ഇരുവരി ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. ട്രെയിൻ ഗതാഗതം താറുമാറായതോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.