Kerala, News

ധര്‍മ്മടം തുരുത്തിനടുത്ത് കടലില്‍ നിന്നും കപ്പല്‍ പൊളിക്കല്‍;ടണ്‍ കണക്കിന് രാസമാലിന്യങ്ങള്‍ കടലിലേക്കൊഴുക്കുന്നതായി പരാതി

keralanews demolishing ship in sea near dharmadam complaint that tons of chemical waste is being dumped into the sea

കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ധര്‍മ്മടം തുരുത്തിനടുത്ത് കടലില്‍ നിന്നും കപ്പല്‍ പൊളിക്കല്‍ തുടങ്ങി.കടലിലേക്ക് ടണ്‍ കണക്കിന് രാസമാലിന്യങ്ങള്‍ ഒഴുക്കിയാണ് ഇപ്പോള്‍ കപ്പല്‍ പൊളി നടക്കുന്നതെന്ന് കപ്പല്‍ പൊളി വിരുദ്ധ സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ക്രെയിന്‍ ഉപയോഗിച്ച്‌ കപ്പലിനെ കരയ്ക്കടിപ്പിച്ച്‌ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് കടലിൽ നിന്നും കപ്പൽ പൊളിക്കാൻ ആരംഭിച്ചത്. കരയില്‍ നിന്ന് കപ്പല്‍ പൂണ്ടുനില്‍ക്കുന്ന സ്ഥലത്തേക്ക് താല്‍ക്കാലികമായി റോപ് വേ നിര്‍മ്മിച്ചാണ് പൊളിക്കല്‍ പ്രവൃത്തി നടക്കുന്നത്. കരാര്‍ ജോലിക്കാരാണ് പൊളിക്കുന്നത്. കപ്പലിന്റെ ഭാഗങ്ങള്‍ പൊളിച്ച്‌ കരയ്‌ക്കെത്തിച്ചു തുടങ്ങി. കടലില്‍ നിന്നു തന്നെ പൊളിച്ചു നീക്കുന്ന അവശിഷ്ടങ്ങള്‍ ലോറികളില്‍ കപ്പല്‍ പൊളിശാലയായ അഴീക്കല്‍ സില്‍ക്കിലേക്ക് അതത് സമയം തന്നെ കൊണ്ടുപോകുന്നുണ്ട്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവന്ന മാലി ദ്വീപില്‍ നിന്നുള്ള ചരക്കു കപ്പല്‍ കനത്ത മഴയില്‍ ബന്ധിച്ച കയറു പൊട്ടി കടലിലൂടെ ഒഴുകി ധര്‍മടത്തെത്തിയത്. പൊളിച്ചാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.തുടര്‍ന്ന് പൊളിക്കല്‍ പ്രവൃത്തി നീളുകയായിരുന്നു.മണല്‍ത്തിട്ടയില്‍ ഇടിച്ചു നിന്ന കപ്പല്‍ അഴീക്കലിലേക്ക് കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു കടലില്‍ വച്ചുതന്നെ പൊളിക്കാന്‍ തീരുമാനിച്ചത്. ഏകദേശം എണ്‍പതു ശതമാനം ഭാഗങ്ങള്‍ ഇപ്പോള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്.ധര്‍മ്മടം തുരുത്തില്‍ കപ്പല്‍ കുടുങ്ങിക്കിടക്കുന്നത് മത്സ്യ തൊഴിലാളികള്‍ ഏറെ തടസം സൃഷ്ടിച്ചിരുന്നു. കടലില്‍ നങ്കുരമിട്ടു കിടക്കുന്ന കപ്പലില്‍ മത്സ്യബന്ധനബോട്ടുകൾ വന്നിടിച്ചു തകരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

Previous ArticleNext Article